പഞ്ചായത്ത് ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറി; മോഡിയുടെ ഫോട്ടോ ചുമരിൽ തൂക്കണമെന്ന് ആവശ്യം, നടക്കില്ലെന്ന് സെക്രട്ടറി! ഒടുവിൽ ബിജെപി നേതാവ് അറസ്റ്റിൽ

കോയമ്പത്തൂർ: പഞ്ചായത്ത് ഓഫീസിലേയ്ക്ക് അതിക്രമിത്ത് കയറി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോ ചുമരിൽ തൂക്കണമെന്ന ആവശ്യവുമായി എത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ബി.എം.എസ് കോയമ്പത്തൂർ ജില്ലാ സെക്രട്ടറി എം.ഭാസ്‌കരനാണു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട് ജയിലിലായത്. കോയമ്പത്തൂർ പൂലുവപെട്ടി ടൗൺ പഞ്ചായത്ത് ഓഫിസിലാണ് നാടകീയ സംഭവ വികാസങ്ങൾക്ക് വേദിയായത്.

പഞ്ചായത്ത് ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറി; മോഡിയുടെ ഫോട്ടോ ചുമരിൽ തൂക്കണമെന്ന് ആവശ്യം, നടക്കില്ലെന്ന് സെക്രട്ടറി! ഒടുവിൽ ബിജെപി നേതാവ് അറസ്റ്റിൽ

ശനിയാഴ്ച പൂലുവപെട്ടി ടൗൺ പഞ്ചായത്ത് ഓഫിസിൽ ഭാസ്‌കരനും അനുയായികളും എത്തി. കൈയ്യിലുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ ചുമരിൽ തൂക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ കളക്ടറിൽ നിന്ന് അനുമതിയില്ലാതെ നടക്കില്ലെന്നു പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നതു പാകിസ്താനിലാണോയെന്ന ആക്രോശവുമായി ഭാസ്‌കരനും സംഘവും സെക്രട്ടറിക്ക് നേരെ പാഞ്ഞടുത്തു.

കൈകാര്യം ചെയ്ത ശേഷം, ഫോട്ടോ ചുമരിൽ തൂക്കി സ്ഥലം വിടുകയായിരുന്നു. ദൃശ്യങ്ങൾ ഭാസ്‌കരൻ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവ് അറസ്റ്റിലായത്. അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ആലന്തുറൈ പൊലീസ് ഭാസ്‌കരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൂടെയുണ്ടായിരുന്ന 11 പേർക്കായി അന്വേഷണം നടത്തി വരികയാണ്.

Exit mobile version