ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു; ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടി വരുന്നു, സ്വകാര്യ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് അരവിന്ദ് കെജരിവാള്‍

കേന്ദ്ര സര്‍ക്കാര്‍ സമീപ സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്ന് അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ദീപാവലിക്കു ശേഷം ഉണ്ടായ ഏറ്റവും മോശമായ അന്തരീക്ഷമാണ് ഡല്‍ഹിയില്‍ ഇപ്പോള്‍. വായു മലിനീകരണം ഇനിയും തുടരുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സമീപ സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. വായു മലിനീകരണം കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഡല്‍ഹിയിലെ വായു നിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലാണ്. രാജ്യ തലസ്ഥാനത്ത് ഒന്‍പതിടങ്ങളിലെ വായുവിന്റെ നിലവാരം വളരെ പരിതാപകരമാണ്. എന്‍സിആര്‍, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളില്‍ അതിശക്തമായ വായുമലിനീകരണം രേഖപ്പെടുത്തിയപ്പോള്‍ ഗുരുഗ്രാമില്‍ ശ്വസിക്കാന്‍പോലും പറ്റാത്ത വിധം വായു മലിനീകരണമാണ് ഇവിടെ രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കിയ ‘ഒറ്റ-ഇരട്ട’ പദ്ധതി ഉള്‍പ്പെടെയുള്ളവ നടപ്പാക്കുമെന്ന് കേജരിവാള്‍ പറഞ്ഞു. ഒറ്റ-ഇരട്ട നമ്പറുകളുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക ദിവസങ്ങള്‍ അനുവദിക്കുന്നതാണ് ഈ രീതി.

Exit mobile version