തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം! ബിജെപിക്ക് കനത്ത തിരിച്ചടി: ഒരു മന്ത്രി കൂടി രാജിവച്ച് എസ്പിയിലേക്ക്, കൂടുതല്‍ മന്ത്രിമാര്‍ രാജി വയ്ക്കുമെന്ന് സ്വാമി പ്രസാദ് മൗര്യ

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, ഒരു മന്ത്രി കൂടി രാജിവച്ചു. വനം, പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജി വച്ചത്. രണ്ട് ദിവസത്തിനുളളില്‍ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ് ചൗഹാന്‍.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ധാരാ സിങ് ചൗഹാന്‍. ബിജെപി ഭരണത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ധാരാ സിങ് കുറ്റപ്പെടുത്തി. യുപിയില്‍ ആകെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം ആറായി.

‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ വനം, പരിസ്ഥിതി, മൃഗ ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നാക്ക, ദലിതര്‍, കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍ എന്നിവരോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ അവഗണന നിറഞ്ഞതായിരുന്നു. ഞാന്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നു,” ധാരാസിങ് രാജിക്കത്തില്‍ പറയുന്നു.

ബിജെപിയില്‍ നിന്ന് രാജിവച്ച ധാരാസിങ് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ധാരാസിങ്ങിനെ സ്വീകരിച്ചു. ”സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ പോരാളിയായ ധാരാസിങ് ചൗഹാന്‍ ജിക്ക് സ്വാഗതവും ആശംസകളും,” അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.


കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദലിതര്‍, പിന്നാക്കക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിത യുവാക്കള്‍, ചെറുകിട, ഇടത്തരം വ്യവസായികള്‍ എന്നിവരോടുള്ള അവഗണനാ മനോഭാവം ചൂണ്ടിക്കാട്ടി തന്നെയായിരുന്നു സ്വാമി പ്രസാദ് മൗര്യയുടേയും രാജി. എംഎല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപി, ഭാഗ്വതി പ്രസാദ് സാഗ എന്നിവര്‍ മൗര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

‘എന്റെ നീക്കം ബിജെപിയില്‍ ഭൂചലനത്തിന് കാരണമായി. കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും എനിക്കൊപ്പം പാര്‍ട്ടി വിടും’- സ്വാമി പ്രസാദ് മൗര്യ അവകാശപ്പെട്ടു. അതേസമയം സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മൗര്യ പറയുന്നത്.

‘ഞാന്‍ മന്ത്രിസ്ഥാനം മാത്രമാണ് രാജി വെച്ചത്. ഉടന്‍ തന്നെ ബിജെപി വിടും. തല്‍ക്കാലം ഞാന്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നില്ല. ഞാന്‍ ബിജെപിയെ തള്ളിക്കളഞ്ഞു. തിരികെ പോകുന്ന പ്രശ്‌നമില്ല’- എന്നാണ് മൗര്യ എന്‍ഡിടിവിയോട് പറഞ്ഞത്. അതേസമയം മൗര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത് ജനുവരി 14ന് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ്.

മൗര്യ തന്റെ രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തു. മൗര്യയെയും അദ്ദേഹത്തിന്റെ അനുയായികളെയും സമാജ്‌വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു- ‘അഖിലേഷ് യാദവ് എന്നെ അഭിനന്ദിച്ചു. എന്റെ അടുത്ത രാഷ്ട്രീയ നീക്കം ഈ മാസം 14ന് വെളിപ്പെടുത്തും. എന്റെ തീരുമാനവും എന്റെ കൂടെ ആരൊക്കെ വരുമെന്നും ഞാന്‍ നിങ്ങളോട് പറയും’- മൗര്യ വ്യക്തമാക്കി.

റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നീ നാല് എംഎല്‍എമാരും ഇതിനകം മൗര്യയ്‌ക്കൊപ്പം പുറത്തുപോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ് യാദവിന് എതിരായി യാദവ ഇതര ഒബിസി വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമാക്കുന്നതില്‍ പ്രധാനിയായിരുന്നു സ്വാമി പ്രസാദ് മൗര്യ.

ഒബിസി വിഭാഗത്തിലെ നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചതില്‍ സ്തംഭിച്ച ബിജെപി നേതൃത്വം, വിമതരെ തിരിച്ചുകൊണ്ടുവരാന്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ചുമതലപ്പെടുത്തി. യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് പരാതിപ്പെടാന്‍ രണ്ട് മാസം മുമ്പ് മൗര്യ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചില്ല. ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്ക് അയച്ച മൂന്നംഗ സംഘം അണികളിലെ അമര്‍ഷം പരിഹരിക്കുന്നതില്‍ വിജയിച്ചില്ല.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി വന്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചതിനു പിന്നാലെയാണു മന്ത്രിമാരുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തകര്‍ അഞ്ച് പേരടങ്ങുന്ന സംഘങ്ങളായി വീടുവീടാന്തരം കയറിയാണു പ്രചാരണം. സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെയ്ത കാര്യങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാന്‍ വലിയ ടിവി സ്‌ക്രീനുകളുള്ള ‘എല്‍ഇഡി റാത്തുകള്‍’ 14 മുതല്‍ സ്ഥാപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

Exit mobile version