പറന്നുയരും മുമ്പേ മകള്‍ പറന്നകന്നു! ആരും ഈ അവസ്ഥയിലൂടെ കടന്നുപോകരുത്, അവയവം ദാനം ചെയ്ത് കുടുംബം, നാല് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് അഞ്ചുവയസ്സുകാരി മടങ്ങി

ഛണ്ഡീഗഡ്: മരണങ്ങള്‍ എപ്പോഴും വേദനിപ്പിക്കുന്നതാണ്, എന്നാല്‍ അപ്രതീക്ഷിതമായി ഒരു ജീവന്‍ നഷ്ടപ്പെടുകയും പകരം മറ്റ് ജീവനുകള്‍ സുരക്ഷിതമാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം പ്രതീക്ഷയും ആശ്വാസവും പകരുന്നതാണ്. നാല് പേരിലൂടെ അനശ്വരയായിരിക്കുകയാണ് ഛണ്ഡീഗഡിലെ ഒരു അഞ്ച് വയസ്സുകാരി.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നാല് പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. മുംബൈയിലും ഡല്‍ഹിയിലും ഉള്ള രണ്ട് പേര്‍ക്കും, ഛണ്ഡീഗഡില്‍ പെണ്‍കുട്ടി ചികിത്സയിലുണ്ടായിരുന്ന അതേ ആശുപത്രിയിലെ രണ്ട് പേരുമാണ് അവയവദാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഹൃദയവും കരളും വൃക്കകളും പാന്‍ക്രിയാസുമാണ് എടുത്തിരിക്കുന്നത്.

ഡിസംബര്‍ 22നാണ് വീഴ്ചയില്‍ പരിക്കേറ്റ കുഞ്ഞിനെ ഛണ്ഡീഗഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്ത പെണ്‍കുട്ടിയുടെ ആരോഗ്യനില പിന്നീട് മോശമായതോടെ ഛണ്ഡീഗഡിലെ പിജിഐഎംഇആറിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ ഒരാഴ്ചയോളം ചികിത്സയില്‍ തുടര്‍ന്നെങ്കിലും കുഞ്ഞിനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. ഒടുവില്‍ അവളുടെ മസ്തിഷ്‌ക മരണവും സ്ഥിരീകരിച്ചു. ഈ ഘട്ടത്തിലാണ് ഡോക്ടര്‍മാര്‍ അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഞ്ഞിന്റെ പിതാവുമായി സംസാരിക്കാന്‍ തീരുമാനിച്ചത്.

മകള്‍ നഷ്ടപ്പെട്ട തീരാവേദനയ്ക്കിടയിലും ഒരിക്കലും ഒരു കുടുംബവും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകാതിരിക്കാന്‍ അവയവദാനത്തിന് ആ പിതാവ് സമ്മതം മൂളി. അവളുടെ ജീവന്‍ മറ്റ് പലര്‍ക്കും ആശ്രയമാകുമെങ്കില്‍, അവരുടെ കുടുംബങ്ങളെങ്കിലും ഞങ്ങള്‍ അനുഭവിക്കുന്ന വേദനയിലേക്ക് എത്താതിരിക്കുമെങ്കില്‍ അവളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് തങ്ങള്‍ ചിന്തിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

Read Also: ‘കാണരുതാത്ത സമയത്ത് വീട്ടില്‍ ഒരു പയ്യനെ കണ്ടാല്‍ ഏതൊരു അച്ഛനും തോന്നുന്ന അവസ്ഥ, അതാണ് ആ മനുഷ്യനും സംഭവിച്ചത്, പാപം ചെയ്യാത്തവര്‍ അവരെ കല്ലെറിയട്ടെ’: അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ വൈറല്‍ കുറിപ്പ്

‘ദാതാവ് തയ്യാറാകുന്ന നിമിഷം മുതല്‍ കാര്യങ്ങള്‍ വേഗതയിലായി വരും. ഹൃദയത്തിനും കരളിനും യോജിച്ച രോഗികള്‍ ഞങ്ങളുടെ ആശുപത്രിയിലുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഞങ്ങള്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന മറ്റ് ആശുപത്രികളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് മുംബൈയിലും ഡല്‍ഹിയിലുമുള്ള യോജിച്ച സ്വീകര്‍ത്താക്കളെ കണ്ടെത്തിയത്.

ഈ ഉദ്യമത്തിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ച് താങ്ങാനാകാത്ത ദുഖത്തിനിടെയും ഇത്തരത്തില്‍ സധൈര്യം തീരുമാനമെടുത്ത പെണ്‍കുട്ടിയുടെ കുടുംബത്തിനാണ് നന്ദി അറിയിക്കുന്നത്…’- പിജിഐഎംഇആര്‍ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടും റീജണല്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (നോര്‍ത്ത്) നോഡല്‍ ഓഫീസറുമായ ഡോ. വിപിന്‍ കൗശല്‍ പറയുന്നു.

Exit mobile version