കേരളം വീണ്ടും നമ്പര്‍ വണ്‍: നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ ഒന്നാമത്, ഏറ്റവും പിന്നില്‍ യുപി

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. 82. 2 പോയിന്റാണ് കേരളം കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാടാണ് രണ്ടാം സ്ഥാനവും തെലങ്കാന മൂന്നാം സ്ഥാനവും, ആന്ധ്രപ്രദേശ് നാലാം സ്ഥാനവും കരസ്ഥമാക്കി.

കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ട് പോലെ രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. 30.57 പോയിന്റ് മൊത്തം ആരോഗ്യ സൂചികയില്‍ യുപിക്ക് നേടാനായത്. ബിഹാറിനും പിന്നിലാണ് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന യുപിയുടെ സ്ഥാനം.

Read Also: യോഗി വീണ്ടും അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിച്ച് രാമനാമം ജപിക്കും; യുപി മന്ത്രി

സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.

സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാര്‍ പറഞ്ഞു. ‘സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളില്‍ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക”. നീതി ആയോഗ് ട്വീറ്റ് ചെയ്തു.

201920 വര്‍ഷത്തെ ആരോഗ്യ സൂചികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവിധ ഹെല്‍ത്ത് ഇന്‍ഡിക്കേറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോഗ്യ പരിപാലനം, ശുചിത്വ പരിപാലനം, ആശുപത്രികളുടെ പ്രവര്‍ത്തനം, ശിശു മരണ നിരക്ക് തുടങ്ങി സമഗ്ര ആരോഗ്യ പ്രവര്‍ത്തനങ്ങളിലാണ് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Exit mobile version