ഒമിക്രോണ്‍ : രാജ്യത്ത് രോഗികളുടെ എണ്ണം 400 കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 415 ആയി, 115 പേര്‍ രോഗമുക്തി നേടി. പതിനേഴ് സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്, 88 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതിനാല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ എഴുപത് ശതമാനം ആളുകള്‍ക്കും ലക്ഷണങ്ങളില്ലാതെയായിരുന്നു രോഗബാധ. ഒമിക്രോണ്‍ കേസുകളില്‍ തൊണ്ണൂറ് ശതമാനം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏഴ് പേര്‍ ഒറ്റ ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടില്ല.

മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നു. രോഗികള്‍ക്കായി പതിനെട്ട് ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്നാം തരംഗം ഉണ്ടായാലും രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം രണ്ടാം തരംഗത്തിലെ പോലെ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ.

മുപ്പത്തിയേഴ് പേര്‍ക്കാണ് കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലെയും മിസോറാമിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version