ആന്‍ഡമാനിലെ മൂന്നുദ്വീപുകളുടെ പേരുകള്‍ മാറ്റാനൊരുങ്ങുന്നു; പ്രഖ്യാപനം 30ന്

റോസ് ദ്വീപ്, നീല്‍ ദ്വീപ്, ഹാവ്ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ് മാറ്റുന്നത്. ഇവയുടെ പേരുകള്‍ യഥാക്രമം നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് മാറ്റുന്നത്.

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്നുദ്വീപുകള്‍ക്ക് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോസ് ദ്വീപ്, നീല്‍ ദ്വീപ്, ഹാവ്ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ് മാറ്റുന്നത്. ഇവയുടെ പേരുകള്‍ യഥാക്രമം നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് മാറ്റുന്നത്.

ഡിസംബര്‍ 30 ന് പോര്‍ട്ട് ബ്ലയറിലെത്തുന്ന പ്രധാനമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് ദ്വീപുകളുടെയും പേര് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോര്‍ട്ട് ബ്ലയറില്‍ 150 അടി ഉയരത്തില്‍ കൂറ്റന്‍ പതാക ഉയര്‍ത്തുന്നതിനാണ് പ്രധാനമന്ത്രി ആന്റമാനിലെത്തുന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ടാകും.

രണ്ടാം ലോക മഹായുദ്ധകാലത്ത് ആന്റമാന്‍ പിടിച്ചടക്കിയ ജപ്പാന്‍ പിന്നീട് ഈ ദ്വീപുകള്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രൊവിന്‍ഷ്യല്‍ ഭരണകൂടത്തിനു കൈമാറി. 1943 നവംബറിലാണ് ജപ്പാന്‍ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 19-നു സുഭാഷ് ചന്ദ്രബോസ് റോസ് ദ്വീപിലെത്തി ഇന്ത്യന്‍ പതാക ഉയര്‍ത്തി. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് പ്രധാനമന്ത്രി പോര്‍ട്ട് ബ്ലയറില്‍ കൂറ്റന്‍ പതാക ഉയര്‍ത്തുന്നത്.

ഈവര്‍ഷം ഉത്തര്‍ പ്രദേശിലെ പ്രമുഖനഗരങ്ങളുടെ പേര് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത് വലിയവിവാദമായിരുന്നു. അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നുമാണ് മാറ്റിയത്.

Exit mobile version