ബംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടില്‍ കെ.യു. ജോസിന്റെയും ആനിയുടെയും മകന്‍ ജിതിന്‍ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകന്‍ സോനു സോണി (27)യുമാണ് മരിച്ചത്.

“2014ന് മുമ്പ് ആള്‍ക്കൂട്ടക്കൊലപാതകം എന്ന് കേട്ടിട്ട് പോലുമില്ല, നന്ദി മോഡിജീ” : രാഹുല്‍ ഗാന്ധി

തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ ഇലക്ട്രോണിക്‌സിറ്റി മേല്‍പ്പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലാണ് അപകടം നടന്നത്. ഇരുവരും ഇലക്ട്രോണിക്‌സിറ്റിയില്‍ നിന്ന് ഹൊസ്‌കൂരിലെ താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിന്‍ ഹെബ്ബഗുഡിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. എതിരേവന്ന ബൈക്കിലുണ്ടായിരുന്ന ശരത്, സന്തോഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബംഗളൂരുവില്‍ സി.സി.ടി.വി. ബിസിനസ് നടത്തിവരികയായിരുന്നു ജിതിന്‍. സഹോദരി: ജീതു ജോസ്. മൃതദേഹം സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പുതിയിടം ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍. നഗരത്തിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് സോനു. സഹോദരിമാര്‍: മിനു സോണി, സിനു സോണി. സംസ്‌കാരം പിന്നീട്.

Exit mobile version