സർക്കാർ ക്ലിനിക്കിൽ നിന്ന് ലഭിച്ച കഫ് സിറപ്പ് കഴിച്ച് മൂന്നുകുട്ടികൾ മരിച്ചു; കാരണക്കാരായ മൂന്ന് ഡോക്ടർമാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

ന്യൂഡൽഹി:സർക്കാർ നടത്തുന്ന സൗജന്യ ക്ലിനിക്കിൽ നിന്നും നൽകിയ കഫ്സിറപ്പ് കഴിച്ചതിന് പിന്നാലെ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് എതിരെ നടപടി. ഡൽഹിയിലെ ആം ആദ്മി മൊഹല്ല ക്ലിനിക്കിലാണ് സംഭവം. തുടർന്ന് മൂന്ന് ഡോക്ടർമാരെ ഡൽഹി സർക്കാർ പിരിച്ചുവിട്ടു.

Also Read-കണ്ണന്റെ മഹീന്ദ്ര ഥാർ അമൽ മുഹമ്മദിന് തന്നെ! ലേലത്തിന് അംഗീകാരം നൽകി ഗുരുവായൂർ ഭരണസമിതി

ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ക്ലിനിക്കിൽ നിന്നും ലഭിച്ച നിർദേശപ്രകാരം കുട്ടികൾ കഫ്സിറപ്പ് കഴിച്ചത്. മരിച്ചതിൽ മൂന്ന് വയസുകാരനുമുണ്ടായിരുന്നു. കഫ്സിറപ്പ് കഴിച്ച ശേഷം അസുഖബാധിതരായ കുട്ടികളെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കലാവതി ശരൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഒക്ടോബർ 13ന് ഒരു കുട്ടിയും പിന്നീട് അതേ മാസം തന്നെ മറ്റ് രണ്ട് കുട്ടികളും മരിക്കുകയായിരുന്നു.

സംഭവത്തിൽ ഡൽഹിയിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർക്കെതിരെ തിങ്കളാഴ്ചയാണ് സർക്കാർ നടപടിയെടുത്തത്. ഡൽഹിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് സർക്കാരിന് കീഴിലുള്ള ആം ആദ്മി മൊഹല്ല ക്ലിനിക്കുകൾ. ഡെക്സ്ട്രോമെതോർഫൻ (Dextromethorphan-DXM) എന്ന മരുന്നാണ് മരിച്ച കുട്ടികൾക്ക് നൽകിയിരുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് സമർപ്പിച്ച റിപ്പോർട്ടിൽ കുട്ടികൾക്ക് വേണ്ടി സാധാരണ ഈ മരുന്ന് നിർദേശിക്കപ്പെടാറില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് ഈ മരുന്ന് നിർദേശിക്കരുതെന്ന് എല്ലാ ക്ലിനിക്കുകൾക്കും ഡിസ്പെൻസറികൾക്കും സർക്കാർ നിർദേശം നൽകണമെന്ന് ഡിജിഎച്ച്എസ് ഡൽഹി സർക്കാരിന് സമർപ്പിച്ച കത്തിൽ പറയുന്നു.

ഡെക്സ്ട്രോമെതോർഫൻ കഴിച്ചതിന്റെ പരിണിതഫലം കാരണം 16 പേരാണ് കലാവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. ഇതിലുൾപ്പെട്ട മൂന്ന് കുട്ടികളാണ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.ഒക്ടോബറിൽ നടന്ന സംഭവം അന്ന് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

Exit mobile version