ഇനി മുതല്‍ മോഡിക്ക് അപ്രിയ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരില്ല; പുതുച്ചേരിയില്‍ സംഭവിച്ച അബദ്ധം ഒഴിവാക്കാന്‍ ഒരുങ്ങി ബിജെപി

അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ നേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതികള്‍ മെനഞ്ഞിരിക്കുകയാണ് ബിജെപി.

ചെന്നൈ: ഇനിമുതല്‍ ബിജെപി നേതാക്കള്‍ക്ക് അപ്രിയ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരില്ല. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ നേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതികള്‍ മെനഞ്ഞിരിക്കുകയാണ് ബിജെപി. ബൂത്ത് തല സംവാദത്തില്‍ പുതുച്ചേരിയില്‍ നിന്നുള്ള പ്രവര്‍ത്തകന്‍ മോഡിയെ ചോദ്യം ചെയ്തതും പ്രധാനമന്ത്രി മോഡിക്ക് ഉത്തരം മുട്ടിയതും വലിയ വാര്‍ത്തയായിരുന്നു. ഇതാണ് പാര്‍ട്ടിയെ മാറ്റി ചിന്തിപ്പിച്ചത്.

ഇനി മുതല്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കണമെങ്കില്‍ ചോദ്യങ്ങളുടെ വിഡിയോ രണ്ടു ദിവസം മുന്‍പു നേതൃത്വത്തിനു നല്‍കി അനുമതി വാങ്ങണമെന്നാണു പുതിയ നിബന്ധന.സംവാദങ്ങളില്‍ ചോദ്യകര്‍ത്താവിന്റെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ചു നല്‍കണം. ചോദ്യവിഡിയോകളില്‍ നിന്നു മികച്ചവ തിരഞ്ഞെടുത്തു ബന്ധപ്പെട്ടവരെ അറിയിക്കും. രാജ്യമാകെയുള്ള പ്രവര്‍ത്തകരുമായി മോഡി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിങ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്‍പു പൂര്‍ത്തീകരിക്കാനാണു നിയന്ത്രണങ്ങളെന്നാണു ബിജെപി വിശദീകരണം.

ഇടത്തരക്കാര്‍ക്കു മേല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള പുതുച്ചേരിയിലെ പ്രവര്‍ത്തകന്റെ ചോദ്യമാണു പ്രധാനമന്ത്രിയെ കുഴക്കിയത്. പ്രധാനമന്ത്രി ഉത്തരംമുട്ടിയതിനു പിന്നാലെ നന്ദി പറഞ്ഞ് സംവാദം അവസാനിപ്പിച്ച് മുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നിബന്ധനകള്‍ കര്‍ശനമാക്കിയത്.

എങ്കിലും, പുതുച്ചേരിയിലെ സംഭവമാണ് കര്‍ശ്ശന നടപടിക്ക് കാരണമെന്ന് നേതാക്കള്‍ തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. പുതിയ ചട്ടങ്ങള്‍ പാലിച്ചാണ് തമിഴ്‌നാട്ടിലെ പ്രവര്‍ത്തകരുമായി മോഡി ചര്‍ച്ച നടത്തിയത്.

Exit mobile version