നാഗാലാന്‍ഡ് വെടിവെയ്പ് : അന്വേഷണറിപ്പോര്‍ട്ട് ഒരു മാസത്തിനകമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : നാഗാലാന്‍ഡിലെ സേനാ വെടിവയ്പ്പില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിന് പറ്റിയ തെറ്റിദ്ധാരണയിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്നറിയിച്ച അമിത് ഷാ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നും പാര്‍ലമെന്റില്‍ അറിയിച്ചു.

വാഹനത്തിലുണ്ടായിരുന്ന ഗ്രാമീണരില്‍ ആറ് പേര്‍ വെയിവെയ്പ്പില്‍ മരിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. നാഗാലാന്‍ഡ് സംഘര്‍ഷഭരിതമെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അമിത് ഷാ പറഞ്ഞു. “ഗ്രാമീണരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സ്വയരക്ഷയ്ക്കും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സുരക്ഷാസേനയ്ക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിന് കാരണമായി. മറ്റ് ചിലര്‍ക്ക് പരിക്കേറ്റു.”

“സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളും പോലീസും ശ്രമിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ഞായറാഴ്ച നാഗാലാന്‍ഡ് ഡിജിപി സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. പതിനാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഖേദമുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read : നാഗാലാന്‍ഡ് വെടിവെയ്പ്പ് : സൈന്യത്തിനെതിരെ കേസെടുത്ത് പോലീസ്

അതേസമയം അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിരപരാധികളെ സൈന്യം വെടിവെച്ച് കൊല്ലുകയാണെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ഗഞ്ജന്‍ ചൗധരി പറഞ്ഞു.ശനിയാഴ്ച രാത്രിയാണ് മോണ്‍ ജില്ലയില്‍ സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. അക്രമകാരികളെന്ന് സംശയിച്ച് ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version