നാഗാലാന്‍ഡ് വെടിവെയ്പ്പ് : സൈന്യത്തിനെതിരെ കേസെടുത്ത് പോലീസ്

കൊഹിമ : നാഗാലാന്‍ഡില്‍ ഗ്രാമീണരെ വെടിവെച്ചുകൊന്നതില്‍ 21-പാരാസ്‌പെഷല്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരു പ്രകോപനവുമില്ലാതെ സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആര്‍.

വെടിവെയ്പ്പ് നടത്തുന്നതിന് മുമ്പ് അറിയിക്കുകയോ സഹായം തേടുകയോ സൈന്യം ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ പതിമൂന്ന് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഓടിങ്, ടിരു ഗ്രാമങ്ങളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. കല്‍ക്കരിഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ് വാനില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കാണ് വെടിയേറ്റത്.

എന്‍എസ്സിഎന്‍ തീവ്രവാദികള്‍ വെളുത്തജീപ്പില്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവരാണെന്ന് തെറ്റിദ്ധരിച്ച് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം. വെടിവെയ്പില്‍ ആറ് പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ സൈനികര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ പിന്നീട് മരിച്ചു. രാത്രിയായിട്ടും തൊഴിലാളികള്‍ തിരിച്ചെത്താതിരുന്നപ്പോള്‍ തേടിയിറങ്ങിയ യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘം സൈന്യത്തെ വളഞ്ഞ് വയ്ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം ഇവര്‍ക്ക് നേരെ വെടിവെച്ചതോടെ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടു.

വെടിവെയ്പ്പും സംഘര്‍ഷവും ഇന്നലെയും തുടര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് പ്രകടനമായെത്തിയ ജനക്കൂട്ടം മോണ്‍ ജില്ലയിലെ അസം റൈഫിള്‍സിന്റെ ക്യാംപ് ആക്രമിച്ചു. ഇതേത്തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന ജില്ലയില്‍ സുരക്ഷ ശക്തമാക്കി. വെടിവെയ്പ്പില്‍ ഖേദം പ്രകടിപ്പിച്ച സൈന്യം സേനാതല അന്വേഷണത്തിന്( കോര്‍ട്ട് ഓഫ് എന്‍ക്വയറി) ഉത്തരവിട്ടിരുന്നു.സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആശങ്കയും വേദനയും പ്രകടിപ്പിച്ചു.വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Exit mobile version