ഒമിക്രോണ്‍ : വാക്‌സീന്‍ മൂന്നാം ഡോസ് പരിഗണനയില്‍

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്‌സീന്‍ മൂന്നാം ഡോസ് നല്‍കുന്ന കാര്യം പരിഗണനയില്‍. ഇതിനായി വിദഗ്ധസമിതി ഉടന്‍ ശുപാര്‍ശ നല്‍കിയേക്കും. അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്.

വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റര്‍ ഡോസ് സഹായകരമാവും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞു വരും. കാന്‍സര്‍ പോലുള്ള രോഗങ്ങളുള്ളവരിലും അവയവദാനം തുടങ്ങിയവ നടത്തിയവരിലും രണ്ട് ഡോസ് വാക്‌സീന് മതിയായ പ്രതിരോധശേഷി നല്‍കാനാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ മൂന്നാമത്തെ ഡോസ് വാക്‌സീന്‍ അനിവാര്യമാണ്.

പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള അന്തിമതീരുമാനവും കേന്ദ്രം ഉടന്‍ എടുത്തേക്കും. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്ന് തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന.നിലവില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ കൂടുതലും വാക്‌സീന്‍ എടുക്കാത്തവരാണ്.

ഒമിക്രോണിനെ നേരിടാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.ഡിസംബര്‍ ഏഴിന് ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ ഔദ്യോഗിക സമിതി യോഗം ചേരുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി.

അതേസമയം കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുമെടുത്തവര്‍ക്ക് ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് അണുബാധയില്‍ നിന്ന് 63 ശതമാനം സംരക്ഷണം കിട്ടിയെന്ന് വൈദ്യശാസ്ത്രജേണലായ ദ ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ അണുബാധയില്‍ നിന്ന് 81 ശതമാനം സംരക്ഷണമാണ് വാക്‌സീന്‍ പ്രദാനം ചെയ്തത്.

Exit mobile version