ഒമിക്രോണ്‍ : രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി : ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിയതായി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധനയും നിരീക്ഷണവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവുമുണ്ട്.

ഇതിനോടകം പതിമൂന്ന് രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാലിത് വരെ ഇന്ത്യയില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇക്കാര്യം അറിയിച്ചിരുന്നു.

ഈ മാസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ഒരാള്‍ക്കും കര്‍ണാടക സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നാലിവര്‍ക്ക് ഒമിക്രോണ്‍ ആണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വിദേശത്ത് നിന്നെത്തിയ 14 പേരെ നിരീക്ഷണത്തിലാക്കി. ഇവരില്‍ ആറ് പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചു.

Exit mobile version