ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം; ബില്‍ പാസാക്കി പാകിസ്താന്‍

ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം നടത്താനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി.

ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണം നടത്തിയാല്‍ പ്രതിക്ക് ജീവിതകാലത്തിനിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ കഴിവില്ലാത്തവനാവുന്നുവെന്നാണ് ബില്ലില്‍ പറയുന്നത്.

ബുധനാഴ്ച ചേര്‍ന്ന സംയുക്ത പാര്‍ലമെന്റ് യോഗത്തിലാണ് ബില്‍ പാസായത്. ഇതിന് പുറമേ 33 മറ്റ് ബില്ലുകള്‍ കൂടി പാസാക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളില്‍ അതിവേഗ കോടതികളിലൂടെ പൂര്‍ത്തിയാക്കി ശിക്ഷ (കെമിക്കല്‍ കാസ്ട്രേഷന്‍) വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയിരുന്നു.

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൃറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

അതേസമയം, പുതിയ ബില്ലിനെതിരേ ജമാത്ത് ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തി. ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണം. വന്ധ്യംകരണത്തെക്കുറിച്ച് ശരിയത്തില്‍ പരാമര്‍ശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗീക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകളുടെ ഉപയോഗമാണ് കെമിക്കല്‍ കാസ്ട്രേഷന്‍. ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ഇത് നിയമപരമായ ശിക്ഷാരീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version