ഇന്ത്യയില്‍ നിന്ന് കടത്തിയ ടിപ്പുസുല്‍ത്താന്റെ സിംഹാസന താഴികക്കുടം ലണ്ടനില്‍ ലേലത്തിന്

ലണ്ടന്‍ : ഇന്ത്യയില്‍ നിന്ന് കടത്തിയ പതിനാല് കോടിയുടെ താഴികക്കുടം ലണ്ടനില്‍ ലേലത്തിന്. ടിപ്പുസുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന താഴികക്കുടമാണ് യുകെ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ലേലത്തിന് വെച്ചിരിക്കുന്നത്.

ഇതരരാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ള താഴികക്കുടം യുകെയിലെ ഗാലറികളോ സ്ഥാപനങ്ങളോ വാങ്ങുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.സ്വര്‍ണം,മാണിക്യം, വജ്രം, മരതകം എന്നിവ ചേര്‍ത്താണ് 1.5 മില്യണ്‍ പൗണ്ട് വിലയുള്ള താഴികക്കുടത്തിന്റെ നിര്‍മാണം. സ്വര്‍ണ കടുവയാണ് താഴികക്കുടത്തിലുള്ളത്.

ടിപ്പു സുല്‍ത്താന്റെ പരാജയത്തോടെ ബ്രിട്ടീഷുകാര്‍ കൈക്കലാക്കിയ സിംഹാസനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 1799ല്‍ ശ്രീരംഗപട്ടണത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ടിപ്പു പരാജയപ്പെട്ടതോടെയാണ് അമൂല്യവസ്തുക്കള്‍ ബ്രിട്ടീഷുകാര്‍ കൈക്കലാക്കിയത്.

2009 വരെ താഴികക്കുടത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളുണ്ടായിരുന്നില്ല. ഇപ്പോള്‍ കയറ്റുമതി നിരോധനത്തോടെ താഴികക്കുടം ലേലത്തിന് വെച്ചിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Exit mobile version