വായുമലിനീകരണം : ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ന്യൂഡല്‍ഹി : വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമായും ചേര്‍ന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടത്തണമെന്നാണ് അറിയിപ്പ്. എല്ലാ സര്‍ക്കാര്‍ ജീവക്കാരോടും ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ഓഫീസുകള്‍ കഴിയുന്നത്ര നാള്‍ വര്‍ക്ക് ഫ്രം ഹോം തുടരണമെന്നും ആവശ്യപ്പെട്ടതായി കേജരിവാള്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് മുതല്‍ 17 വരെ വിലക്കുണ്ട്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സര്‍ക്കാരുകള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മലിനീകരണം തടയാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

Exit mobile version