മാനവികതയുടെ ദീപസ്തംഭം! ഉദയയെ തോളിലെടുത്ത് രക്ഷപ്പെടുത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എംകെ സ്റ്റാലിന്‍

ചെന്നൈ: ചെന്നൈയിലെ കനത്ത മഴയില്‍ മരംവീണ് അബോധാവസ്ഥയിലായ
യുവാവിനെ തോളിലേറ്റി രക്ഷപ്പെടുത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

എത്ര ആപത്തുകളും ഇരുട്ടുകളും നിറഞ്ഞ ചുറ്റുപാടുകളാണെങ്കിലും, മാനവികതയുടെ വെളിച്ചം അവയെ അകറ്റി പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന് രാജേശ്വരിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റാലിന്‍ കുറിച്ചു.

രാജേശ്വരിയെ അഭിനന്ദിച്ച് പ്രശംസാപത്രവും സമ്മാനിച്ചു. ഇവര്‍ മറ്റുള്ള പോലീസുകാര്‍ക്കും മാതൃകയാണെന്നും സ്റ്റാലിന്‍ കുറിച്ചു. രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ടിപി ഛത്രം ഏരിയ സെമിത്തേരിയില്‍ അബോധാവസ്ഥയില്‍ കിടന്നയാളെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ രാജേശ്വരി രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


കീഴ്പാക്കത്തെ ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ഉദയകുമാര്‍ എന്ന 28കാരനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. രാജേശ്വരി യുവാവിനെ തോളില്‍ കയറ്റി ഓട്ടോയ്ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജേശ്വരിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

കനത്ത മഴയില്‍ മരം വീണപ്പോള്‍ ഉദയകുമാര്‍ അടിയില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതിനാല്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയും സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Exit mobile version