മരത്തിനടിയില്‍പ്പെട്ട് ബോധംകെട്ട് യുവാവ്: വാരിയെടുത്ത് തോളിലേറ്റി ‘ജീവന്‍ നല്‍കി’ വനിതാ ഇന്‍സ്പെക്ടര്‍; ‘സിങ്കപ്പെണ്ണിന്’ കൈയ്യടിച്ച് സോഷ്യല്‍ലോകം

ചെന്നൈ: കനത്ത മഴയില്‍ മരംവീണ് ബോധംകെട്ട യുവാവിന്റെ തോളിലേറ്റി
ആശുപത്രിയിലെത്തിച്ച് വനിതാ ഇന്‍സ്പെക്ടര്‍. ചെന്നൈ കീഴ്പാക്കത്താണ് സംഭവം.
കീഴ്പാക്കത്തെ ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ഉദയകുമാര്‍ എന്ന 28കാരനാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

കനത്ത മഴയില്‍ മരം വീണപ്പോള്‍ ഉദയകുമാര്‍ അടിയില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതിനാല്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഇന്‍സ്പെക്ടര്‍ രാജേശ്വരിയും സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മരത്തിനിടയില്‍ നിന്ന് ഉദയകുമാറിനെ പുറത്തെടുത്തപ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലായി. ഉടന്‍ ഇയാളെ തോളിലേറ്റി കുതിച്ച രാജേശ്വരി അതുവഴിയെത്തിയ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. തുടര്‍ന്ന് കില്‍പൗക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഉദയ്കുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.


ബോധരഹിതനായ യുവാവിനെ തോളത്തേറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയ്ക്ക് കൈയടിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. യുവാവിനെ തോളിലേറ്റി പോകുന്ന രാജേശ്വരിയുടെ ദൃശ്യങ്ങള്‍ ഇതിനകം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇയാളെ ഇന്‍സ്‌പെക്ടര്‍ രാജേശ്വരി തന്റെ തോളത്ത് എടുത്ത് വെച്ച് തൊട്ടടുത്തുള്ള ഓട്ടോറിക്ഷയില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

ചെന്നൈയില്‍ തുടരുന്ന ശക്തമായ മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2015ലെ വെളളപ്പൊക്കത്തേക്കാള്‍ രൂക്ഷമാണ് ചെന്നൈയില്‍ ഇത്തവണ ഉണ്ടായിട്ടുളളതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതുവരെ പന്ത്രണ്ടോളം പേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറിയിട്ടുണ്ട്. വെളളക്കെട്ട് രൂക്ഷമായതോടെ നഗരത്തിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

Exit mobile version