അഗ്നിഗോളങ്ങളില്‍ നിന്നും എട്ട് കുഞ്ഞുങ്ങളെ രക്ഷിച്ചു; പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീട്ടിലേക്കെത്തിയ സ്വന്തം കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്താനായില്ല

ഭോപ്പാല്‍: ഭോപ്പാലിലെ കമല നെഹ്രു ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ എട്ട് നവജാത ശിശുക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതില്‍ ഏറ്റവും വേദനിപ്പിക്കുന്നത്, റാഷിദ് ഖാന്‍ എന്ന യുവാവിന്റെ അവസ്ഥയാണ്. ദുരന്തത്തില്‍ നിന്നും എട്ട് കണ്‍മണികളെ രക്ഷപ്പെടുത്തിയ റാഷിദിന് നഷ്ടമായത് സ്വന്തം അനന്തരവളെയാണ്. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഹോദരിയ്ക്ക് പിറന്ന കുഞ്ഞ്.

റാഷിദിന്റെ സഹോദരി രച്‌നയ്ക്ക് 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് പിറക്കുന്നത്. ഇരട്ടപെണ്‍കുട്ടികളാണ് കുടുംബത്തിലേക്ക സന്തോഷം നിറച്ച് എത്തിയത്. വൈകീട്ട് മൂന്ന് മണിക്ക് സഹോദരിയുടെ കുഞ്ഞുങ്ങളെയും കണ്ട് സന്തോഷത്തിലാണ് റാഷിദ് ഖാന്‍ ആശുപത്രി വിട്ടത്. എന്നാല്‍ ഈ സന്തോഷത്തിന് അല്‍പായുസ് മാത്രമായിരുന്നു…

രചനയെയും കുഞ്ഞുങ്ങളെയും കണ്ട് വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ്
തീപിടുത്തമുണ്ടായെന്ന് പറഞ്ഞ് രചനയുടെ ഫോണ്‍ വരുന്നത്. തീപിടുത്തത്തെ കുറിച്ചറിഞ്ഞ് റാഷിദ് ആശുപത്രിയിലെത്തുമ്പോള്‍ കാണുന്നത് കൈക്കുഞ്ഞുങ്ങളേയും പിടിച്ച് ഡോക്ടര്‍മാരും നഴ്സുമാരും പുറത്തേക്കോടുന്നതാണ്.

ഈസമയം, സഹോദരിയുടെ കുഞ്ഞിനെ തെരഞ്ഞ് കണ്ടുപിടിക്കാന്‍ നിന്നില്ല. മറിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ചേരുകയായിരുന്നു. അലമുറയിടുന്ന കുഞ്ഞുങ്ങളെ ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഈ കുഞ്ഞുങ്ങളെ താന്‍ രക്ഷിച്ചാല്‍ തന്റെ കുഞ്ഞിനെ ദൈവം കാത്ത് രക്ഷിക്കുമെന്ന് റാഷിദ് കരുതി.

മുറി മുഴുവന്‍ പുകയും തീയുമായിരുന്നു. അതിനിടയിലൂടെ റാഷിദ് കുഞ്ഞുങ്ങളെ വാര്‍ഡില്‍ നിന്ന് പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. എട്ട് നവജാത ശിശുക്കളെയാണ് റാഷിദ് രക്ഷിച്ചത്.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമാണ് റാഷിദ് സ്വന്തം സഹോദരിയുടെ കുഞ്ഞിനായുള്ള തെരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെട്ട കുട്ടികള്‍ക്കിടയില്‍ തന്റെ അനന്തിരവളെ കണ്ടെത്താന്‍ സാധിച്ചില്ല. അപ്പോഴാണ് മോര്‍ച്ചറിയില്‍ കൂടി തെരയാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് 3 മണിക്ക് മോര്‍ച്ചറിയിലെ തണുപ്പില്‍ തന്റെ കുഞ്ഞിനെ കണ്ടെത്തിയതോടെ ആ തിരച്ചില്‍ അവസാനിച്ചു. തീപ്പിടുത്തത്തില്‍ മരിച്ച നാല് ശിശുക്കളില്‍ ഒന്ന് രചനയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായിരുന്നു.

Exit mobile version