പ്രതിമയ്ക്ക് പിന്നാലെ പട്ടേലിന്റെ പേരില്‍ ദേശീയ പുരസ്‌കാരവും; പ്രഖ്യാപനവുമായി നരേന്ദ്രമോഡി

രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുക

അഹമ്മദാബാദ്: പ്രതിമയ്ക്ക് പിന്നാലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ ദേശീയ പുരസ്‌കാര പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുക. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കവാഡിയയില്‍ വെച്ച് നടന്ന പോലീസ് ഡിജിപിമാരുടെയും ഐജിമാരുടെയും വാര്‍ഷിക കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി പട്ടേല്‍ പുരസ്‌കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പത്മ പുരസ്‌കാരത്തിന്റെ മാതൃകയിലാണ് പട്ടേല്‍ പുരസ്‌കാരവും നല്‍കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായുള്ള പട്ടേലിന്റെ സംഭാവനകള്‍ പ്രയോജനപ്രദമാക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാനാകും.

ഇതു കൂടാതെ പട്ടേലിന്റെ ജന്മ ദിനമായ ഒക്ടോബര്‍ 31 ദേശീയ ഏകത ദിനമായി ആചരിക്കാനും ആ ദിവസം പട്ടേല്‍ പ്രതിമയ്ക്ക് സമീപം മൂന്നോ നാലോ സംസ്ഥാനങ്ങളിലെ പോലീസ് സേനയെ അണിനിരത്തി പരേഡ് സംഘടിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശിച്ചു. നാഷണല്‍ പോലീസ് മെമ്മോറിയലിന്റെ സ്മരണയ്ക്കായി സ്റ്റാമ്പും ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തിറക്കി.

Exit mobile version