പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം

ന്യൂഡല്‍ഹി : പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ കണ്ടെത്തി. അജ്‌നലയില്‍ ബിഎസ്എഫ് ജവാന്മാര്‍ നിലയുറപ്പിച്ചിരുന്ന ഷാഹ്പൂര്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിന് സമീപമാണ് ഡ്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 12.05ഓടെ ഡ്രോണ്‍ പറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട ജവാന്മാര്‍ ഇതിന് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. ഇതോടെ ഡ്രോണ്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ ഭാഗത്തേക്ക് പോയി. ഇന്ത്യന്‍ ഭാഗത്തേക്ക് ആയുധങ്ങളോ മറ്റോ കടത്താനാവാം ഡ്രോണ്‍ ഉപയോഗിച്ചതെന്ന് സുരക്ഷസേന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് ഈ മാസം അഞ്ചിനും ഗുര്‍ദാസ്പൂര്‍ സെക്ടറില്‍ മൂന്ന് ഡ്രോണുകള്‍ ഒരേ സമയം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബിഎസ്എഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയും സുരക്ഷാനടപടികള്‍ വിലയിരുത്തുകയും ചെയ്തു.ഈ സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും ഡ്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.

Exit mobile version