പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ഭുജ് : പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഭുജ് ബറ്റാലിയനിലെ മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ചാരപ്രവര്‍ത്തനം നടത്തി രഹസ്യ വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

രജൗരി ജില്ലയിലെ സലോര സ്വദേശിയാണ് മുഹമ്മദ് സജാദ്. 2021ലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന ഇയാള്‍ക്ക് ചാരപ്രവര്‍ത്തനത്തിന് ലഭിച്ചിരുന്ന പണം സഹോദരന്‍ വാജിദിന്റെയും ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയിരുന്നത്. സജ്ജാദിന്റെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ബിഎസ്എഫിന് തെറ്റായ വിവരങ്ങളാണ് ഇയാള്‍ നല്‍കിയിരുന്നതെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡില്‍ 1992 ജനുവരി 1 ആണ് ഇയാളുടെ ജനനത്തീയതി. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ ഇത് 1985 ജനുവരി 30ഉം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എടിഎസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version