ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോട് കൊടും ക്രൂരത; നവജാത ശിശുവിനെ ട്രെയിനിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

അമൃത്സര്‍: ട്രെയിനിലെ ക്ലോസറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമൃത്സര്‍ റെയില്‍വേ സ്‌റ്റേഷനിലെ യാഡില്‍ നിര്‍ത്തിയിട്ട ഹൗറ എക്‌സ്പ്രസ് വൃത്തിയാക്കുന്നതിനിടിയിലാണ് തൂപ്പുകാര്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ കണ്ടെത്തിയതിനെ കുറിച്ച് ട്രെയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സഭി പറയുന്നതിങ്ങനെ, ‘ഉച്ചയ്ക്ക് 2.30 ഓടെ തൂപ്പുകാരിലൊരാളുടെ ഫോണ്‍ കോള്‍ വന്നു. ട്രെയിനില്‍നിന്ന് ഒരു കുഞ്ഞിന്റെ മൃതദേഹം കിട്ടിയെന്നായിരുന്നു അയാള്‍ പറഞ്ഞത്.’ ഉടന്‍ തന്നെ അവിടെ എത്തി നോക്കിയപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. എസി കംബാര്‍ട്ട്‌മെന്റായ ഡി3യിലെ ടോയ്‌ലറ്റിന് താഴെ നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. താഴേക്ക് നിന്നിരുന്ന ഷാളില്‍ കുഞ്ഞിന്റെ തല കുടുങ്ങിക്കിടക്കുകയായിരുന്നു.

ഉടന്‍തന്നെ കുഞ്ഞിനെ എടുത്ത് കുളിപ്പിച്ച ശേഷം തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിപ്പോള്‍ ആരോഗ്യനില വീണ്ടെടുത്ത് വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉപേക്ഷിച്ച കുഞ്ഞിന് ഒരു ദിവസം മാത്രമാണ് പ്രായമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version