കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പിറന്നാൾ ദിനത്തിൽ സൈനികന് വീരമൃത്യു; തീവ്രവാദികളെ തുരത്താൻ ജീവത്യാഗം ചെയ്ത മകൻ അഭിമാനമെന്ന് കുടുംബം

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ വീരമൃത്യുവരിച്ച് മറ്റൊരു സൈനികൻ കൂടി. പിറന്നാൾ ദിനത്തിലാണ് 23കാരനായ കൻവീർ സിങ് വീരമൃത്യു വരിച്ചത്. മധ്യപ്രദേശിലെ സാത്‌ന ഗ്രാമത്തിൽ നിന്നുള്ള സേനാംഗമാണ് കൻവീർ സിങ്. രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു കന്വീറിന്റെ ജീവത്യാഗം.

മകന്റെ 23ാം പിറന്നാളിന് ആശംസകൾ അറിയിക്കാനായി കുടുംബം ഒരുങ്ങുന്നതിനിടെയാണ് കൻവീർ സിങിന്റെ മരണവാർത്തയെത്തിയത്. കൻവീർ വിളിക്കുന്നതിനായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് അദ്ദേഹം മരിച്ചെന്ന സേനാമേധാവിയുടെ സന്ദേശമായിരുന്നു.

ഷോപിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൻവീർ സിങ് കൊല്ലപ്പെട്ടുവെന്നായിരുന്നു കുടുംബത്തെ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.

‘ഒരു മുൻ സൈനികനെന്ന നിലയിൽ അവൻറെ മരണത്തോട് ധൈര്യപൂർവം പ്രതികരിക്കാൻ എനിക്കായി. പക്ഷേ അവന്റെ അമ്മക്ക് അത് താങ്ങാനായില്ല. 2017ൽ രജ്പുത് റജിമെന്റിലാണ് കൻവീർ സിങ് ആദ്യമായി ജോലിക്കെത്തിയത്. രാജ്യത്തെ സേവിക്കുന്നതിനാണ് അവൻ സൈന്യത്തിൽ ചേർന്നത്. തീവ്രവാദികളെ തുരത്താനായി മകൻ ജീവത്യാഗം ചെയ്തതിൽ അഭിമാനമുണ്ട്’- കൻവീർ സിങ്ങിന്റെ പിതാവ് രവി സിങ് കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ. കൻവീർ സിങ്ങിന്റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിലെത്തിക്കും .

Exit mobile version