ഏഴര ലക്ഷം രൂപയുടെ സ്വര്‍ണ നാണയം മാലിന്യത്തോടൊപ്പം നഷ്ടമായി: തിരികെ നല്‍കി മാതൃകയായി ശുചീകരണ തൊഴിലാളി; അഭിനന്ദനം

ചെന്നൈ: കുപ്പത്തൊട്ടിയില്‍ നിന്ന് ലഭിച്ച നൂറ് ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയം ഉടമയ്ക്ക് തിരിച്ചുനല്‍കി മാതൃകയായി ശുചീകരണ തൊഴിലാളി.

തമിഴ്നാട്ടിലാണ് സംഭവം. മാലിന്യ നിര്‍മാര്‍ജ്ജന വകുപ്പിലെ തൊഴിലാളിയായ മേരിയാണ് ഏഴര ലക്ഷം രൂപ വില വരുന്ന സ്വര്‍ണ നാണയം തിരികെ നല്‍കി മാതൃകയായിരിക്കുന്നത്.

കൊറിയര്‍ കമ്പനി ജീവനക്കാരനായ ഗണേഷ് രാമന്‍ എന്നയാളുടെ സ്വര്‍ണ നാണയമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണനാണയം ഒരു പെട്ടിയില്‍ ഇട്ടുവെച്ച ശേഷം തന്റെ കിടക്കയുടെ അടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് കാണാതായെന്ന് ഭാര്യയോട് പറഞ്ഞപ്പോഴാണ് മുറി വൃത്തിയാക്കിയെന്നും അവശിഷ്ടങ്ങള്‍ പുറത്ത് ഉപേക്ഷിച്ചുവെന്നും അറിയിച്ചത്.

ഉടനെ ഗണേഷ് പോലീസില്‍ പരാതിയും നല്‍കി. സമീപത്തെ ചവര്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു. ചപ്പ് ചവറുകള്‍ വേര്‍തിരിക്കുന്നതിനിടെ തനിക്ക് ലഭിച്ച സ്വര്‍ണനാണയം മേരി തന്റെ മാനേജര്‍ വഴി അധികൃതര്‍ക്ക് കൈമാറിയിരുന്നു.

പിന്നീട് ഗണേശ് പോലീസ് സ്റ്റേഷനില്‍ എത്തുകയും നാണയം മേരി തന്നെ ഇയാള്‍ക്ക് കൈമാറുകയും ചെയ്തു. മേരിയുടെ സത്യസന്ധതയെ പോലീസും ഗണേശും അഭിനന്ദിച്ചു.

Exit mobile version