യുഎസ്-യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ പങ്കെടുത്ത് താലിബാന്‍ : രാജ്യാന്തര അംഗീകാരത്തിന് അനുമതി തേടി

ദോഹ : ഖത്തറില്‍ ചൊവ്വാഴ്ച നടന്ന യുഎസ്-യൂറോപ്യന്‍ യൂണിയനുകളുടെ യോഗത്തില്‍ ആദ്യമായി മുഖാമുഖം പങ്കെടുത്ത് താലിബാന്‍. അഫ്ഗാന്‍ ജനതയുടെ പുനരധിവാസം സംബന്ധിച്ചുള്ള ജി-20 രാഷ്ട്ര നേതാക്കളുടെ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ രാജ്യാന്തര അംഗീകാരം തന്നെയാണ് താലിബാന്‍ ആവശ്യപ്പെട്ടത്.

യുഎസ് അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് ശേഷം അധികാരമേറ്റ താലിബാന്‍ രാജ്യാന്തര അംഗീകാരം, അഫ്ഗാന്‍ ജനതയുടെ പുനരധിവാസത്തിനുള്ള സഹായം എന്നിവയാണ് ലോകരാഷ്ട്രങ്ങളോട് പ്രധാനമായും ആവശ്യപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സഹായത്തിനായി യൂറോപ്യന്‍ യൂണിയന്‍ 1.2 ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്തിട്ടുണ്ട്. താലിബാന്‍ ചെയ്ത പ്രവൃത്തികളുടെ പരിണിത ഫലം അഫ്ഗാനിസ്ഥാനിലെ ജനത അനുഭവിക്കേണ്ടതില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ലെയിന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ലോകം ഒന്നിക്കണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കിയ പ്രതിജ്ഞ താലിബാന്‍ ലംഘിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിച്ചു. താലിബാനുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. അഫ്ഗാനിസ്ഥാന്‍ നിവാസികളുടെ ജീവിത സാഹചര്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക, കച്ചവട ബന്ധങ്ങളും മറ്റും പുനസ്ഥാപിക്കുക എന്ന കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ ദൂതന്‍ മുത്‌ലാഖ് അല്‍ ഖതാനി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്കു കൂടുതല്‍ ബഹുമാനം നല്‍കാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും താലിബാനുമായുള്ള ചര്‍ച്ച സഹായകമാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് നാബില മസ്‌റലി അഭിപ്രായപ്പെട്ടു. അനൗദ്യോഗിക ആശയവിനിമയം മാത്രമാണ് നടത്തിയതെന്നും ഇടക്കാല സര്‍ക്കാരിനെ അംഗീകരിച്ചതായി കരുതേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താഖി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. രാജ്യാന്തര തലത്തിലെ സന്തുലിത ബന്ധങ്ങള്‍ക്ക് മാത്രമേ അഫ്ഗാനെ അസ്ഥിരതയില്‍ നിന്ന് രക്ഷിക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാന്‍ മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് രാജ്യാന്തര സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന മോഡി അഫ്ഗാനില്‍ ഉചിതമായ മാറ്റം ഉണ്ടാകാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.

Exit mobile version