ചുരയ്ക്ക ജ്യൂസ് കഴിച്ച് ഐസിയുവില്‍ കിടക്കേണ്ടി വന്നു; ഡയറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിയ്ക്കണം; സംവിധായിക താഹിറ കശ്യപ്

ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചതോടെ നല്ല ഡയറ്റിന് പിന്നാലെയാണ് മിക്കവരും.
പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളമായി അടങ്ങിയ ഡയറ്റാണ് ആരോഗ്യം നിലനിര്‍ത്തുന്നതിന് തെരഞ്ഞെടുക്കേണ്ടത്. ജ്യൂസ് ആയോ പച്ചയ്‌ക്കോ കഴിയ്ക്കുന്നതാണ് നല്ലത്.

അതേസമയം, പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുമ്പോള്‍ വളരെ സൂക്ഷിയ്ക്കണം. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് തിരിച്ചടിയായും വരാം. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായികയും എഴുത്തുകാരിയുമായ താഹിറ കശ്യപ്. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ.

ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച താഹിറ തന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെ താന്‍ നേരിട്ട ഗൗരവതരമായ ഭക്ഷ്യവിഷബാധയെ കുറിച്ചാണ് താഹിറ സംസാരിച്ചത്.


ചുരയ്ക്ക ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റുവെന്നും 17 തവണയോളം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ വരെ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും താഹിറ വീഡിയോയിലൂടെ പറയുന്നു.

ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസ് താഹിറ പതിവായി കഴിക്കാറുണ്ടത്രേ. എന്നാല്‍ അന്ന് കഴിച്ചപ്പോള്‍ ജ്യൂസിന് അല്‍പം ചവര്‍പ്പ് അനുഭവപ്പെട്ടു. എങ്കിലും കുടിച്ച് പൂര്‍ത്തിയാക്കി. എന്നാല്‍ വൈകാതെ തന്നെ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങുകയായിരുന്നു.

Exit mobile version