കാമുകിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ബെലഗാവ്: കർണാടക ബെലഗാവിൽ യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേട്രാക്കിൽ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയത്. അബ്ബാസ് മുല്ല(24)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയിൽവേട്രാക്കിൽ കണ്ടെത്തിയത്.

തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇന്ന് പുലർച്ചെ പെൺകുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി.

എന്നാൽ ബെലഗാവി അതിർത്തിയിൽ വച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം റെയിൽവേട്രാക്കിൽ കൊണ്ടിട്ടു. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെൺകുട്ടി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്

പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവിൽപോയിരിക്കുകയാണ്‌. പ്രദേശവാസികളാണ് രാവിലെ മൃതദേഹം റെയിൽവേട്രാക്കിൽ കണ്ടത്.

Exit mobile version