ചൈനയോ പാക്കിസ്ഥാനോ ആക്രമണത്തിന് വന്നാല്‍ നേരിടാന്‍ ഇന്ത്യ സജ്ജം : കരസേന മേധാവി

ന്യൂഡല്‍ഹി : ചൈനയോ പാക്കിസ്ഥാനോ ആക്രമണത്തിന് മുതിര്‍ന്നാല്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്ന് കരസേനാ മേധാവി എംഎം നരവണെ. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അറിയിച്ചു.

നിയന്ത്രണരേഖയ്ക്ക് സമീപം ചൈന ടെന്റുകള്‍ നിര്‍മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചൈനയോ പാക്കിസ്ഥാനോ ആക്രമണത്തിന് വന്നാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ട് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇന്ത്യന്‍ സൈന്യം കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

“വെടിനിര്‍ത്തല്‍ ഉടമ്പടി നല്ലതാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി നുഴഞ്ഞുകയറ്റത്തിന് നിരന്തര ശ്രമമുണ്ട്. അത് ഞങ്ങള്‍ തടഞ്ഞു. പാക് സൈന്യത്തിന്റെ അറിവില്ലാതെ ഈ നുഴഞ്ഞുകയറ്റം സാധ്യമല്ല.” നരവണെ പറഞ്ഞു.

Exit mobile version