കോൺഗ്രസ് വിടും, എന്നാൽ ബിജെപിയിലേക്കില്ല; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരീന്ദർ സിങ്

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദർ സിങ് കോൺഗ്രസ് വിടുമെന്ന് സ്ഥിരീകരിച്ച് രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് വിടുമെന്ന നിലപാട് അമരീന്ദർ ആവർത്തിച്ചത്. അതേസമയം, ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദർ വ്യക്തമാക്കി.

ഇനിയും അപമാനം സഹിച്ച് കോൺഗ്രസിൽ തുടരാനാകില്ലെന്ന നിലപാടിലാണ് അമരീന്ദർ. തുടർന്ന് ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദറിന്റെ പ്രഖ്യാപനം.

പഞ്ചാബിൽ കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്ന വിധത്തിൽ അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ താൻ കോൺഗ്രസുകാരനായിരുന്നു. എന്നാൽ ഇനി കോൺഗ്രസിൽ തുടരില്ല. ഒരു പ്രശ്‌നം ഉന്നയിച്ചുകഴിഞ്ഞാൽ അത് പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യറാവുന്നില്ലെന്നും അമരീന്ദർ വിമർശിച്ചു.

അമിത് ഷായുമായുള്ള നിർണായകമായ ചർച്ചയിൽ കർഷകരുടെ വിഷയങ്ങളും അജിത് ഡോവലുമായി അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സുരക്ഷാ പ്രശ്‌നങ്ങളും ചർച്ചചെയ്തുവെന്നും അമരീന്ദർ പറഞ്ഞു. അതേസമയം, അമരീന്ദറിനെ കണ്ടതിന് പിന്നാലെ അജിത് ഡോവൽ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Exit mobile version