ഞാനൊരു സാധാരണക്കാരന്‍! ആയിരം സുരക്ഷാ ജീവനക്കാരെ വേണ്ട, ഒരു മുറിയോളം വലിപ്പമുള്ള കാറും വേണ്ട: ഈ പണം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കണം; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഢ്: മുഖ്യമന്ത്രിയെന്ന നിലയ്ക്ക് തനിക്കുള്ള സുരക്ഷ കുറയ്ക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. ‘തന്നെ സംരക്ഷിക്കാനായി നിരവധി സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത് അനാവശ്യമാണ്. ഞാനൊരു സാധാരണക്കാരനാണ്. എല്ലാ പഞ്ചാബികളുടേയും സഹോദരനാണെന്നും ചന്നി പറഞ്ഞു. തന്റെ ജീവന് ഭീഷണി ഉണ്ടായേക്കാമെന്ന സുരക്ഷാ മുന്നറിയിപ്പിനേയും അദ്ദേഹം തള്ളിക്കളഞ്ഞു.

‘മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ആയിരത്തോളം സുരക്ഷാ ജീവനക്കാരാണ് എനിക്ക് സുരക്ഷ ഒരുക്കാനായി സജ്ജമായിരിക്കുന്നത്. ഒരു മുറിയോളം വലിപ്പമുള്ള കാറാണ് യാത്രയ്ക്കുള്ളത്. ഇതെന്നെ അമ്പരപ്പിക്കുകയാണ്. ഇത്തരം സൗകര്യങ്ങള്‍ക്കായി നികുതിപ്പണത്തില്‍ നിന്ന് രണ്ട് കോടി രൂപ വരെ ചെലവഴിക്കുന്നതില്‍ ആശങ്കയുണ്ട്.

ഞാനും അവരെ പോലെ ഒരു സാധാരണക്കാരനാണ്. ആഢംബര ജീവിതം ആഗ്രഹിക്കുന്നയാളല്ല. ഇതിനായി ചെലവഴിക്കുന്ന പണം ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. പ്രത്യേകിച്ച് പിന്നാക്കവിഭാഗങ്ങളുടെ ലളിതമായ ജീവിതമാണ് ഞാന്‍ പിന്തുടരുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിലെ ജനങ്ങളെ സേവിക്കാന്‍ താന്‍ തയ്യാറാണെന്നും ഒരു സാധാരണ പഞ്ചാബിയായതിനാല്‍ ജനങ്ങളെ സേവിക്കാനും സഹായിക്കാനും എപ്പോള്‍ വേണമെങ്കിലും ഫോണില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 20നാണ് സ്ഥാനമൊഴിഞ്ഞ അമരീന്ദര്‍ സിങ്ങിന് പകരം പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് അധികാരമേറ്റത്.

Exit mobile version