കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാലിക്കേണ്ട നിശ്ചിത മാനദണ്ഡങ്ങളുണ്ട്, ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്ന് യുകെ

ലണ്ടന്‍ : കോവിഡ് സര്‍ട്ടിഫിക്കേഷനില്‍ എല്ലാ രാജ്യങ്ങളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ബ്രിട്ടന്‍. രാജ്യാന്തര യാത്രാ മാര്‍ഗനിര്‍ദേശവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്നും ബ്രിട്ടന്‍ അറിയിച്ചു.

രണ്ട് ഡോസ് വാക്‌സീനും എടുത്ത ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ യുകെയുടെ നടപടിയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തതിനെത്തുടര്‍ന്ന് കോവിഷീല്‍ഡിന് ബ്രിട്ടന്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ 18 അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ലെന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്നെത്തുന്നവരെ വാക്‌സീന്‍ എടുക്കാത്തവരായി കണക്കാക്കിയാണ് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനിലിരുത്തുന്നത്. ബ്രിട്ടനില്‍ എത്തി രണ്ട്, എട്ട് ദിവസങ്ങളില്‍ പണം മുടക്കി പിസിആര്‍ ടെസ്റ്റും നടത്തണം. ഇതിന് ഇന്ത്യ കടുത്ത എതിര്‍പ്പാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വാക്‌സീന്‍ അംഗീകരിച്ചില്ലെങ്കലില്‍ അതേ നാണയത്തില്‍ തിരിച്ചും നടപടികള്‍ പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിച്ച് രാജ്യാന്തര യാത്ര സുഗമമാക്കുകയാണ് വേണ്ടതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നു.

Exit mobile version