പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ എംഎല്‍എക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും

നവാഡയിലെ രാഷ്ട്രീയ ജനതാദള്‍ എംഎല്‍എയായ രാജ് ബല്ലഭ് യാദവിനാണ് കോടതി ജീവപര്യന്തവും 50,000 രൂപ പിഴയും വിധിച്ചത്

പാട്ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ എംഎല്‍എക്ക് ശിക്ഷ വിധിച്ച് കോടതി. നവാഡയിലെ രാഷ്ട്രീയ ജനതാദള്‍ എംഎല്‍എയായ രാജ് ബല്ലഭ് യാദവിനാണ് കോടതി ജീവപര്യന്തവും 50,000 രൂപ പിഴയും വിധിച്ചത്.

രാജ് ബല്ലഭിനെ കൂടാതെ നാല് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൂടി കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
ഇതില്‍ കുട്ടിയെ പീഡിപ്പിച്ചതില്‍ നേരിട്ട് പങ്കുള്ള രണ്ട് പേര്‍ക്ക് 20,000രൂപ പിഴയും ജിവപര്യന്തവും മറ്റുള്ളവര്‍ക്ക് 10,000 രൂപ പിഴയും തടവുമാണ് കോടതി വിധിച്ചത്. ഡിസംബര്‍ 16നാണ് എംഎല്‍എ ഉള്‍പ്പടെ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 21ന് കേസില്‍ വാദം കേട്ട കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു.

2016നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി ആറിന് കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ബന്ധുകൂടിയായ സുലേഖ കുട്ടിയോട് കള്ളം പറഞ്ഞ് എംഎല്‍എയുടെ വസതിയില്‍ കുട്ടിയെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വെച്ച് രാജ് ബല്ലഭും മറ്റ് രണ്ട് പേരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചു.

പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. അതേ സമയം സംഭവം പുറത്ത് പറയാതിരിക്കാന്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി ഇവരുടെ പരാതിയില്‍ പറയുന്നു. 2016 ഫെബ്രുവരി 14ന് രാജ് ബല്ലഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും നിയമസഭയിലെ അംഗത്വ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

രാജ് ബല്ലഭ് 2016 നവംബര്‍ 24ന് നല്‍കിയ ജാമ്യാപേഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ് ബല്ലഭ് കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. രാജ് ബല്ലഭിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം 376 പോസ്‌കോ എന്നിവയാണ് ചുമത്തിരിക്കുന്നത്. കുട്ടിയെ എംഎല്‍എയുടെ വസതിയില്‍ എത്തിച്ച സുലേഖയ്ക്ക് കോടതി ജീവപര്യന്തവും 10,000രൂപ പിഴയുമാണ് വിധിച്ചത്.

Exit mobile version