മോഡി പരിഗണിച്ചില്ല, ഇനി മമതയ്ക്ക് ഒപ്പം: മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മോഡി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന്‍ എംപിയുടെയും സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം.

അസന്‍സോളില്‍ രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോഡി മന്ത്രിസഭകളില്‍ നഗരവികസനം, വനം പരിസ്ഥിതി സഹമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

മമത ബാനര്‍ജി നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാബുല്‍ സുപ്രിയോയുടെ പാര്‍ട്ടിപ്രവേശനം ബിജെപിക്ക് മുന്നില്‍ തിരിച്ചടിയും മമതയ്ക്ക് നേട്ടവുമായാണ് വിലയിരുത്തല്‍.

കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്.

രാഷ്ട്രീയത്തില്‍ നിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്.

Exit mobile version