അസംബന്ധം, ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ; രോഹിത് ശര്‍മ നായകനാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശര്‍മ എത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ. ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും അങ്ങനെയൊരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി.

‘ഇതെല്ലാം അസംബന്ധമാണ്. ക്യാപ്റ്റന്‍ സ്ഥാനം വിഭജിക്കുന്നതിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ആലോചനയില്‍ പോലും വന്നിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും കോഹ്‌ലി ക്യാപ്റ്റനായി തുടരും.’ ധുമല്‍ വ്യക്തമാക്കി.

യുഎഇയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നത്. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോഹ്‌ലിയുടെ നീക്കമെന്നും ഇക്കാര്യം കോഹ്‌ലി ടീം മാനേജ്മെന്റുമായും രോഹിതുമായും ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എംഎസ് ധോനി വിരമിച്ച ശേഷം ഇന്ത്യയെ നയിക്കുന്നത് കോഹ്‌ലിയാണ്. 2014 മുതല്‍ ടെസ്റ്റ് ടീമിന്റെയും 2017 മുതല്‍ ഏകദിന, ട്വന്റി-20 ടീമിന്റെയും നായകനാണ് കോഹ്‌ലി. കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ടീമിന് വേണ്ടി പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.

Exit mobile version