എംജിആറിനെ ജനകീയനാക്കിയ തമിഴ് കവി പുലമൈ പിത്തൻ അന്തരിച്ചു; വിടവാങ്ങിയത് ‘കല്ല്യാണ തേൻനിലാ’ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഗാനരചയിതാവ്

ചെന്നൈ: മമ്മൂട്ടി തമിഴ് സിനിമാലോകത്തെ റൊമാന്റിക് ഹീറോയായി തിളങ്ങാൻ കാരണമായ മൗനം സമ്മതം എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച പുലമൈ പിത്തൻ (രാമസാമി85) അന്തരിച്ചു. ഈ സിനിമയിലെ ‘കല്ല്യാണ തേൻനിലാ കൽപ്പാന്ത പാൽനിലാ’ എന്ന ഗാനത്തിലൂടെ മലയാളിമനസ്സുകളിലും ഇടം നേടിയ തമിഴ് കവിയും ഗാനരചയിതാവും തമിഴ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു പുലമൈ പിത്തൻ.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അന്ത്യം. നൂറിലധികം തമിഴ് സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, കമൽഹാസൻ, രജനികാന്ത്, വിജയ് തുടങ്ങി സൂപ്പർതാര ചിത്രങ്ങൾക്കുവേണ്ടി നിരവധി പാട്ടുകളെഴുതി. എംജിആറിന്റെ ജനകീയതയ്ക്ക് പിന്നിൽ ഇദ്ദേഹത്തിന്റെ പേനയിലൂടെ ഉതിർന്നിറങ്ങിയ വാക്കുകളും കരുത്തായി. എഐഎഡിഎംകെ നേതാവുമായിരുന്നു പുലമൈ പിത്തൻ.

1935ൽ കോയമ്പത്തൂരിലാണ് ജനനം. സിനിമയിൽ പാട്ടെഴുതാനായാണ് ചെന്നൈയിലെത്തിയത്. 1968ൽ പുറത്തിറങ്ങിയ എംജിആർ നായകനായ ‘കുടിയിരുന്ത കോയിൽ’ എന്ന സിനിമയിൽ ‘നാൻ യാർ നീ യാർ’ എന്ന പാട്ടെഴുതിയാണ് സിനിമയിലെത്തിയത്. തുടർന്ന് അഞ്ച് പതിറ്റാണ്ടിലേറെ ഗാനരചനാരംഗത്ത് സജീവമായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ ലഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടി. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

Exit mobile version