വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു; ശല്യം സഹിക്കാതെ കാമുകിയുടെ കഴുത്ത് വെട്ടിയെടുത്ത് കാമുകന്‍

ഒഡീഷയിലെ ഭുവനേശ്വറിലാണ് ഈ ക്രൂര കൃത്യം നടന്നത്

ഭുവനേശ്വര്‍: വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട കാമുകിയുടെ കഴുത്ത് വെട്ടിയെടുത്ത് കാമുകന്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് ഈ ക്രൂര കൃത്യം നടന്നത്. സംഭവത്തില്‍ കാമുകനായ യുധിഷ്ടിര്‍ സ്വയിനെ പോലീസ് അറസ്റ്റ് ചെയ്തു. സസ്മിത ബിശ്വല്‍ എന്ന യുവതിയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. യുവതിയുടെ തലയില്ലാത്ത ശരീരം മാലിപാടയിലെ ചന്‍കാഡ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പോലീസ് കണ്ടെടുത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, സസ്മിതയെ മാലിപാടയിലെ ചന്‍കാഡ ഫോറസ്റ്റ് ഡിവിഷനിലേക്ക് സ്വയിന്‍ വിളിച്ച് വരുത്തി. എന്നാല്‍ ഇവിടെ വെച്ച് സസ്മിത വീണ്ടും സ്വയിനോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്വയിന്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രോക്ഷം പൂണ്ട സ്വയിന്‍ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നിട്ടും കലിയടങ്ങാത്ത യുവാവ് സസ്മിതയുടെ കഴുത്ത് വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് പോവുകയും ചെയ്തു.

അതേസമയം തങ്ങളുടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് ഡിസംബര്‍ 13ന് സസ്മിതയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വയിന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version