ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ജയ് ശ്രീറാം മുഴക്കി ബിജെപിയുടെ ആക്രമണം; സംസ്ഥാന കമ്മറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു, പരക്കെ ആക്രമണം

Party Blames | Bignewslive

അഗര്‍ത്തല: ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി. സിപിഎം ഓഫീസുകള്‍ക്ക് നേരെയാണ് ബിജെപി പ്രവര്‍ത്തകരുടെ അതിക്രമം അരങ്ങേറുന്നത്. ജയ് ശ്രീറാം മുഴക്കിയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്.

ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ഓഫീസുകള്‍ക്കും വീടുകള്‍ക്ക് നേരെ കല്ലേറും തീവെയ്പ്പും നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഭാനു സ്മൃതി ഭവനും മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായി റിപ്പോര്‍ട്ടുണ്ട്. അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു.

ഓഫീസുകള്‍ക്ക് പുറമെ, പ്രവര്‍ത്തകരുടെ വീടിന് നേരെയും വ്യാപക അക്രമം നടന്നിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷം നടക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരിലെത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ സിപിഎംപ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. പിന്നാലെയാണ് ഓഫീസുകള്‍ക്ക് നേരെ പരക്കെ ആക്രമണം നടക്കുന്നത്.

Exit mobile version