കൊടും വരള്‍ച്ച, മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്‌നരാക്കി ഭിക്ഷ തേടിച്ചു, ശേഖരിച്ച സാധനങ്ങള്‍ കൊണ്ട് ഗ്രാമത്തില്‍ സമൂഹ സദ്യയും, വീഡിയോ പുറത്ത്

മഴ പെയ്യാനും കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനും വേണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തി ഭിക്ഷ തേടിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ ഒരു പറ്റം സ്ത്രീകള്‍ ഘോഷയാത്രയായി നടക്കുന്നതും പുറത്തുവന്ന വിഡിയോയില്‍ കാണാം.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. അഞ്ച് വയസ് പ്രായം വരുന്ന ആറു പെണ്‍കുട്ടികള്‍ നഗ്‌നരായി നടക്കുന്നതാണ് ദൃശ്യങ്ങളില്‍. തവളയെ കെട്ടിയിട്ടിരിക്കുന്ന മരത്തടിയും പെണ്‍കുട്ടികളുടെ കയ്യിലുണ്ട്. കുട്ടികള്‍ എല്ലാ വീടുകളും സന്ദര്‍ശിക്കുകയും മാവും പയറും മറ്റു പ്രധാന ഭക്ഷ്യധാന്യങ്ങളും ആവശ്യപ്പെടുകയും ചെയ്തു.

ഇങ്ങനെ ശേഖരിച്ച സാധനങ്ങള്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലെ സമൂഹ സദ്യയ്ക്ക് സംഭാവന ചെയ്യുകയും വേണമെന്നാണ് രീതിയെന്ന് വിഡിയോയില്‍ പറയുന്നു. ബുന്ദേല്‍ഖണ്ഡില്‍ മഴപെയ്യുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ആചാരം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുടുംബങ്ങള്‍ സ്വമേധയാ ആചാരത്തിന് തയ്യാറായതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും ബോധവല്‍ക്കരണം നടത്തുമെന്നും പൊലീസ് പറയുന്നു.

Exit mobile version