വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; ഉടന്‍ 10,000 കോടി നല്‍കണമെന്ന് ആര്‍ബിഐയോട് കേന്ദ്ര സര്‍ക്കാര്‍

ഇടക്കാല ലാഭവിഹിതമായി 10,000 കോടി രൂപ ഉടന്‍ നല്‍കണമെന്നും ആര്‍ബിയോട് കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇടക്കാല ലാഭവിഹിതമായി 10,000 കോടി രൂപ ഉടന്‍ നല്‍കണമെന്നും ആര്‍ബിയോട് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ഖജനാവിന് ജിഎസ്ടി ഉള്‍പ്പെടെയുള്ള പരോക്ഷ നികുതി വരുമാനത്തില്‍ 90,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതുമൂലം ധനക്കമ്മി ക്രമാതീതമായി ഉയരുമോ എന്ന ആശങ്ക ശക്തമാണ്. എസ്ബിഐയുടെ റിപ്പോര്‍ട്ടും ഇക്കാര്യം ശരിവെയ്ക്കുന്നു.

ഇത് മറികടക്കുന്നതിനാണ് സര്‍ക്കാര്‍ ഇടക്കാല ഡിവിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ധനകമ്മി ജിഡിപിയുടെ 3.3 ശതമാനമായി നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഇടക്കാല ലാഭവിഹിതമായി 10,000 കോടി രൂപ നല്‍കിയിരുന്നു. അത്രയും തുക ഉടന്‍ നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യം.

കേന്ദ്രത്തിന്റെ അധികച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഇത് ആവശ്യമാണെന്നാണ് വിശദീകരണം. നേരത്തെ റിസര്‍വ് ബാങ്കിന്റെ റിസര്‍വ് ഫണ്ടില്‍ നിന്ന് 3.65 ലക്ഷം കോടി രൂപ വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു.

Exit mobile version