ചരിത്ര കൗൺസിലിന്റെ പോസ്റ്ററിൽ നെഹ്‌റുവില്ല, പകരം മദൻ മോഹൻമാളവ്യയും സവർക്കറും ഇടംപിടിച്ചു; അപഹാസ്യമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പരിപാടിയായ അമൃത മഹോത്സവ് പരിപാടിയുടെ പോസ്റ്ററിൽ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്യസമര ചരിത്രത്തിലെ മുൻനിര നേതാവുമായിരുന്ന ജവഹർ ലാൽ നെഹ്‌റുവിനെ ഒഴിവാക്കി. ചരിത്രകൗൺസിലിന്റേതാണ് ഈ വിചിത്ര നടപടി. പോസ്റ്ററിൽ മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഡോ. ബിആർ അംബേദ്കർ, സർദാർ വല്ലഭ് ഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, മദൻ മോഹൻ മാളവ്യ, സവർക്കർ എന്നിവർ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐസിഎച്ച്ആർ) പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരുൾപ്പെടെ മലബാർ ലഹളയിൽ പങ്കെടുത്ത 387 പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേര് പട്ടികയിൽനിന്ന് നീക്കിയ ചരിത്രകൗൺസിലിന്റെ നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നെഹ്‌റുവിനെയും ഒഴിവാക്കിയത്.

അതേസമയം, കൗൺസിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരേ ശനിയാഴ്ച കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. അപലപനീയമായ ഈ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയാവുന്ന ലോകരാജ്യങ്ങളുടെ ഇടയിൽ നരേന്ദ്ര മോഡി സർക്കാരിനെ അപഹാസ്യമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പ്രതികരിച്ചു.

നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതിലൂടെ ചരിത്ര കൗൺസിൽ സ്വയം വിലകുറച്ചതായി ശശി തരൂർ അഭിപ്രായപ്പെട്ടു. നെഹ്‌റുവിനെ ഒഴിവാക്കി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നത് അപമാനകരമാണ്. ചരിത്ര കൗൺസിൽ ഒരിക്കൽക്കൂടി അപഹാസ്യമായെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version