ഒരിക്കലും തുറന്നുപറയാത്ത വല്ലാത്ത മാനസികാഘാതമാണ് അനുഭവിച്ചത്; വിവാഹത്തട്ടിപ്പിൽ സത്യം പുറത്തുവന്നതിനോട് പ്രതികരിച്ച് നടൻ ആര്യ

താനെന്ന വ്യാജേനെ വിവാഹാലോചന നടത്തി യുവതിയിൽ നിന്നും 70 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിലായത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് നടൻ ആര്യം. ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്. പണം തട്ടിയെടുത്തതോടെയാണ് യുവതി ആര്യയ്ക്ക് എതിരെ ചെന്നൈ പോലീസിൽ പരാതി നൽകിയത്. സൈബർ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

യഥാർഥ പ്രതികളെ പിടികൂടിയ പോലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവർക്കും നടൻ നന്ദി പറഞ്ഞു. ഒരിക്കലും തുറന്നുപറയാത്ത വല്ലാത്ത മാനസികാഘാതമാണ് താൻ അനുഭവിച്ചതെന്നും ആര്യ കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് പോലീസ് ആര്യയെ ചോദ്യം ചെയ്തതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്. തന്റെ പേരിൽ ആരെങ്കിലും യുവതിയെ പറ്റിച്ചതാകാമെന്ന സാധ്യതയും നടൻ ചൂണ്ടിക്കാട്ടി. ഒടുവിൽ ഇൻസ്‌പെക്ടർ ഗീതയുടെ നേതൃത്വത്തിലുള്ള സൈബർ പോലീസ് പ്രതികൾക്കായി വലവിരിക്കുകയും ചെന്നൈ സ്വദേശികളായ പ്രതികൾ പിടിയിലാവുകയുമായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ആര്യയാണെന്ന് അവകാശപ്പെട്ട് മൂന്ന് വർഷത്തോളമാണ് പ്രതികൾ യുവതിയെ പറ്റിച്ചത്. അതിനിടെ ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നതോടെ യുവതി ശരിക്കും തകർന്നുപോയി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ആര്യയായി ചമഞ്ഞ തട്ടിപ്പുകാർ പറഞ്ഞത്, സയേഷയുടെ മാതാപിതാക്കൾ തന്റെ കടങ്ങൾ വീട്ടിയാൽ അവരെ വിവാഹമോചനം ചെയ്യാമെന്ന് ആയിരുന്നു. യുവതി അതും വിശ്വസിച്ചു.

പിന്നീട്, രണ്ട് വർഷത്തോളം കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ യുവതി ഒടുവിൽ പോലീസിൽ പരാതി നൽകുകയും ചെന്നെ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, മുഹമ്മദ് അർമാൻ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

Exit mobile version