അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും: കാബൂളിലെ ഇന്ത്യന്‍ എംബസി അടയ്ക്കും; ഉദ്യോഗസ്ഥരുമായി വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം ഒരുക്കും.

അതേസമയം, കാബൂളിലെ ഇന്ത്യന്‍ എംബസി അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ മുന്നേറും മുന്‍പേ തന്നെ അവിടെ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോണ്‍സുലേറ്റുകളും അടച്ചിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഐടിബിപി സൈനികരും അടക്കം ഇരുന്നൂറോളം പേര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ തിരികെ കൊണ്ടു വരാനായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് യാത്രവിമാനങ്ങള്‍ ഇന്ന് വൈകിട്ടോടെ കാബൂളിലെത്തിയിരുന്നു.

അതില്‍ ഒരു യാത്രാവിമാനം അല്‍പസമയം മുന്‍പ് ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയിലുള്ള ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനം ഉടന്‍ എത്തിയേക്കും.

രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ പരിഭ്രാന്തരായ ജനങ്ങള്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇവരെ പിന്നീട് അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ചു.

ഇതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ സൈനിക വിമാനങ്ങള്‍ തങ്ങളുടെ എംബസി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ തിരികെ കൊണ്ടു വരാനായി കാബൂളില്‍ ഇറങ്ങി. വിമാനങ്ങളില്‍ തൂങ്ങിപിടിച്ചും മറ്റു കാബൂളില്‍ നിന്നും രക്ഷപ്പെടാനുള്ള ആളുകളുടെ ശ്രമത്തിനിടെ ഏഴ് പേര്‍ മരിച്ചെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. ഇതിനുപിന്നാലെയാണ് കാബൂള്‍ വ്യോമപാത അടച്ചത്.

Exit mobile version