രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് ചോദ്യം; കൃത്യമായ കണക്ക് ഇല്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി കേന്ദ്ര കാര്‍ഷിക മന്ത്രി

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കുകളാണ് കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് ലോക്സഭയില്‍ അവതരിപ്പിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന ചോദ്യത്തിനോട് കൈമലര്‍ത്തി കേന്ദ്ര കാര്‍ഷിക മന്ത്രി. കൃത്യമായ എണ്ണം കൈയ്യില്‍ ഇല്ലെന്നാണ് മന്ത്രി പറയുന്നത്. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും കടാശ്വാസവും ഉന്നയിച്ച് ലക്ഷക്കണക്ക് കര്‍ഷകരെ തലസ്ഥാന നഗരത്തിലേക്ക് പ്രകടനമായി എത്തി നില്‍ക്കുമ്പോഴാണ് കര്‍ഷക ആത്മഹത്യയെ കുറിച്ച് പോലും കേന്ദ്രസര്‍ക്കാരിന് കൃത്യമായി കണക്കില്ലാതിരിക്കുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കുകളാണ് കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇതുപ്രകാരം 2016 മുതലുള്ള കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേഷ് ത്രിവേദിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

2016 മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണവും അവരുടെ കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ എന്നുമായിരുന്നു ദിനേഷ് ത്രിവേദിയുടെ ചോദ്യം. 2015 വരെയുള്ള കണക്കുകള്‍ മാത്രമേ വെബ്സൈറ്റില്‍ ലഭ്യമുള്ളൂവെന്ന് മന്ത്രി പറയുന്നത്. മന്ത്രിയുടെ മറുപടി ഏവരെയും അത്ഭുതപ്പെടുത്തി എന്നു വേണം പറയാന്‍.

Exit mobile version