എന്‍എസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടുകളും ഇല്ല : പെഗാസസ് വിഷയത്തില്‍ പ്രതികരിച്ച് പ്രതിരോധ മന്ത്രാലയം

Pegasus | Bignewslive

ന്യൂഡല്‍ഹി : പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രം. ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച പ്രതിരോധ മന്ത്രാലയം സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒയുമായി യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.

രാജ്യസഭയില്‍ സിപിഎം എംപി ഡോ. വി. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയം എഎസ്ഒയുമായി ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചത്. എന്‍എസ്ഒ ഗ്രൂപ്പുമായി സര്‍ക്കാര്‍ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്നും അങ്ങനെയാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്താണെന്നുമാണ് എംപി ചോദിച്ചത്. എന്‍എസ്ഒ ഗ്രൂപ്പുമായി യാതൊരു വിധ ഇടപാടുകളും നടത്തിയിട്ടില്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി കൂടി ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പെഗാസസ് വിവാദം ഉടലെടുത്ത സമയം മുതലേ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടിലായിരുന്നു കേന്ദ്രം. രാജ്യത്തെ മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയ പ്രമുഖരുടെ ഫോണുകള്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന വെളിപ്പെടുത്തലാണ് വിവാദത്തിനിടയാക്കിയത്.

Exit mobile version