കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒരു വിദ്യാർത്ഥിക്ക് മാത്രം തോൽവി; വിജയശതമാനം 99.99

ബംഗളൂരു: കർണാടകത്തിലെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ വിജയശതമാനം 99.99. 100 ശതമാനം മാർക്ക് നേടിയത് 157 വിദ്യാർത്ഥികളാണ്. 1,28,931 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. പരീക്ഷ എഴുതിയ ആൺകുട്ടികളെല്ലാം വിജയിച്ചപ്പോൾ ഒരു പെൺകുട്ടി പരാജയപ്പെട്ടു. 100 ശതമാനമാണ് ആൺകുട്ടികളുടെ വിജയ ശതമാനം.

എന്നാൽ പെൺകുട്ടികളുടെ വിജയ ശതമാനം 99.99 ശതമാനമാണ്. കേന്ദ്രം മാറി പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയാണ് പരാജയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 71.80 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്‌സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) ആണ് ഫലം പ്രഖ്യാപിച്ചത്.

കോവിഡ് മഹാമാരിക്കിടെ എസ്എസ്എൽസി പരീക്ഷ നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. പല സംസ്ഥാനങ്ങളും എസ്എസ്എൽസി പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ പരീക്ഷ ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉൾപ്പെടുത്തി പരീക്ഷ നടത്തിയിരുന്നു. മികച്ച വിജയമാണ് വിദ്യാർത്ഥികൾ നേടിയത്. 72.79 ശതമാനം ആയിരുന്നു 2019 ലെ വിജയ ശതമാനം.

2,87,648 വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. 1,13,610 വിദ്യാർത്ഥികൾക്കാണ് സി ഗ്രേഡ് ലഭിച്ചത്. പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷാണ് ഫലപ്രഖ്യാപനം നടത്തിയത്. പാഠ്യവർഷം മുഴുവൻ ഓൺലൈനിൽ ആയിരുന്നു ക്ലാസുകൾ. എന്നാൽ 2021-22 പാഠ്യവർഷത്തിൽ ക്ലാസുകൾ ഓഫ്‌ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 23 മുതൽ കർണാടകയിലെ സ്‌കൂളുകൾ തുറക്കും.

sslc.karnataka.gov.in, karresults.nic.in, and kseeb.kar.nic.in. എന്നീ വെബ്‌സൈറ്റുകളിൽനിന്ന് വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

Exit mobile version