‘ശിവന്‍’ മുഖ്യമന്ത്രിയായ മധ്യപ്രദേശിനെ കോവിഡ് ബാധിക്കില്ലെന്ന് ബിജെപി നേതാവ്

Tarun Chugh | Bignewslive

ഭോപ്പാല്‍ : ശിവന്‍ മുഖ്യമന്ത്രിയും വിഷ്ണു പാര്‍ട്ടി അധ്യക്ഷനുമായിരിക്കുന്ന മധ്യപ്രദേശിനെ കോവിഡ് ബാധിക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയെയും സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെ തരുണ്‍ ചുഗിന്റെ പ്രസ്താവന.

ശിവന്‍ മുഖ്യമന്ത്രിയും വിഷ്ണു അധ്യക്ഷനുമായിരിക്കുന്ന മധ്യപ്രദേശിനെ കോവിഡ് എങ്ങനെ ബാധിക്കാനാണെന്നായിരുന്നു തരുണ്‍ ട്വീറ്റ് ചെയ്തത്. പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപ്ത രംഗത്തെത്തി. ബിജെപി നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തി ബിജെപി പ്രവര്‍ത്തകരുടെ കയ്യടി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും മധ്യപ്രദേശില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ മധ്യപ്രദേശില്‍ 3.28ലക്ഷം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു.

ഇത് സാധാരണ മരണനിരക്കിനേക്കാള്‍ 54 ശതമാനം കൂടുതലാണ് ഇതെന്നും ബിജെപി പ്രവര്‍ത്തകരോ അവരുടെ കുടുംബങ്ങളിലുള്ളവരോ ആയ 3500 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായി ബിജെപി നേതാവ് തന്നെ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ കോവിഡ് മഹാമാരി അതിഭീകരമായി ബാധിച്ചപ്പോള്‍ ഈ ശിവനും വിഷ്ണുവും എവിടെയായിരുന്നു ? അവര്‍ ഉറങ്ങുകയായിരുന്നോ ? ഭാവിയില്‍ എങ്ങനെയാണ് അവര്‍ കോവിഡിനെ നേരിടുകയെന്നും ഗുപ്ത ചോദിച്ചു.

എന്നാല്‍ തരുണ്‍ ചുഗ് നേതാക്കളെ ദൈവങ്ങളുമായി ഉപമിക്കുകയല്ലായിരുന്നുവെന്നും അവരുടെ പേരുകളുടെ ആദ്യഭാഗം മാത്രമാണ് പറഞ്ഞതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി രജ്‌നീഷ് അഗര്‍വാള്‍ വിശദീകരിച്ചു. കോവിഡ് കാലത്ത് ബിജെപി ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചതെന്നും അഗര്‍വാള്‍ പറഞ്ഞു.

Exit mobile version