ടെറസിലെ പാരപ്പെറ്റിനോട് ചേര്‍ന്ന ടൈലിട്ട ബെഞ്ചില്‍ ഇരുന്നു, ഹെഡ്‌ഫോണില്‍ പാട്ടുകേട്ടുകൊണ്ടിരിക്കെ പെട്ടെന്ന് എഴുന്നേറ്റു; കാല്‍വഴുതി 10-ാം നിലയില്‍ നിന്ന് താഴേയ്ക്ക്, ദുരന്തം നേരില്‍ കണ്ട് സഹോദരനും

കൊച്ചി: പത്തുനില ഫ്‌ലാറ്റിന്റെ ടെറസില്‍ വ്യായാമം ചെയ്യുന്നതിനിടെ താഴേയ്ക്കു വീണു മരിച്ച കൊച്ചി ചിറ്റൂര്‍ റോഡ് ശാന്തി തോട്ടക്കാട്ട് എസ്റ്റ്റേറ്റില്‍ ഐറിന്‍ റോയ് (18) തീരാനോവാകുന്നു. സഹോദരനും ബന്ധുവും നോക്കി നില്‍ക്കെയാണ് ഐറിന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയായിരുന്നു അപകടം നടന്നത്.

വ്യായാമത്തിന് ശേഷം ടെറസിലെ പാരപ്പെറ്റിനോട് ചേര്‍ന്നുള്ള ടൈലിട്ട ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഐറിന്‍. കാലുകള്‍ ബെഞ്ചില്‍ കയറ്റിവച്ച് ഹെഡ്‌ഫോണില്‍ പാട്ടു കേട്ടിരുന്നു. ഇതിനിടെ പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ കാല്‍വഴുതി പിന്നോട്ട് മറിയുകയായിരുന്നു. പാരപ്പെറ്റില്‍ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും താഴേയ്ക്ക് വീഴുകയായിരുന്നു.

ടെറസില്‍ നിര്‍മിച്ച ടൈല്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് ബെഞ്ചിനോടു ചേര്‍ന്നുള്ള അരഭിത്തിക്കു മുകളിലൂടെ എട്ടാം നിലയുടെ സണ്‍ഷെയ്ഡിലേക്കാണ് ഐറിന്‍ ആദ്യം വീണത്. അവിടെ നിന്നു താഴെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലെ ഷീറ്റിലേക്കു വീണതിനെ തുടര്‍ന്നു ഭിത്തിയില്‍ ഇടിച്ചു നിലത്തു വീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗദിയില്‍ ജോലി ചെയ്യുന്ന ചാലക്കുടി തച്ചുടപറമ്പ് സ്വദേശി ഊക്കന്‍ റോയിയുടെയും ബേണ്‍സിയുടെയും മകളാണ്. കഴിഞ്ഞ ജനുവരിയിലാണു കൊച്ചിയില്‍ ഇവര്‍ താമസം തുടങ്ങിയത്. തൃശൂര്‍ നിര്‍മലമാതാ സ്‌കൂളില്‍നിന്നു പ്ലസ് ടു പാസായ ശേഷം എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലായിരുന്നു ഐറിന്‍.

Exit mobile version