പെഗാസസ് : പ്രതിഷേധിച്ച ആറ് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Pegasus | Bignewslive

ന്യൂഡല്‍ഹി : പെഗാസസ് വിഷയത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ ആറ് എംപിമാരെ ഇന്നത്തേക്ക് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തൃണമൂല്‍ എംപിമാരായ ഡോള സെന്‍, നദീമുള്‍ ഹക്ക്, അബീര്‍ രഞ്ചന്‍ ബിശ്വാസ്, ശാന്ത ഛേത്രി, അര്‍പിത ഘോഷ്, മോസം നൂര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഇതോടെ എംപിമാരോട് അവരുടെ സീറ്റുകളിലേക്ക് മടങ്ങിപ്പോകാന്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ക്കെതിരെ റൂള്‍ 255 പ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. മോദി-ഷാ സ്വേച്ഛാധിപത്യത്തിനെതിരെ മുഴുവന്‍ പ്രതിപക്ഷവും ഒന്നിക്കുന്നത് കാണാന്‍ ഇന്ന് രാജ്യസഭയിലേക്ക് വരൂ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍ തുടരുന്ന പ്രതിഷേധത്തില്‍ രാജ്യസഭയും ലോക്‌സഭയും നിരന്തരമായി തടസപ്പെടുകയാണ്. വര്‍ഷകാല സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കില്ലെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തിയിരുന്നു. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയെയും ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും ജനങ്ങളെയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version